നാഗ കാളി...

 


നാഗ കാളി....





ഇരുപത് വർഷം മുമ്പൊരു മീനമാസത്തിലെ രാവിന്റെ ഇരുണ്ട യാമത്തിൽ അന്തരീക്ഷത്തിനൊരു ഘോരഭാവം വന്ന് ചേർന്നിരിക്കുന്നു. ചെണ്ട വാദ്യങ്ങളാൽ ശബ്ദമുഖരിതമായ അന്തരീക്ഷം പ്രകമ്പനം കൊള്ളുമ്പോൾ എങ്ങും പടർന്ന അന്തകാരത്തെ കീറി മുറിച്ചു കൊണ്ട് ചൂട്ടുകളും എരിയുന്ന ചിരാതുകളും കുത്തുവിളക്കുകളും പകരുന്ന മഞ്ഞ വെളിച്ചങ്ങൾ. മൈതാന മധ്യേ ആ സമയമാടുന്ന നാഗ കാളി തിറ. ചൂട്ടുകളുടെ മഞ്ഞ വെളിച്ചത്തിൽ ചുവന്നു ജ്വലിയ്ക്കുന്ന മുഖവുമായി നാഗകാളി. തിറയാട്ടക്കാരന്റെ കൈകളിലൊന്നിൽ പിടിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ചലനങ്ങൾക്കനുസരിച്ചു ചെറുതായി കൈയും മെയ്യുമിളക്കുന്ന ഞാനും. തിറയാട്ടക്കാരൻ പെട്ടെന്ന് ചുവടുകൾ മാറ്റുമ്പോൾ അദ്ദേഹത്തിന് അനുസരിച്ചു നീങ്ങേണ്ടത് കൊണ്ട് തിറ പഠിച്ചിട്ടില്ലാത്ത എന്നിലേക്കും ആ ചുവടുകളുടെ പ്രതിഫലനം നിറഞ്ഞു അറിയാതെ മറ്റൊരു ചുവടായി മാറുന്നു…


ചെണ്ടമേളങ്ങൾ അന്തരീക്ഷമാകെ പ്രകമ്പനങ്ങളുയർത്തി മുറുകുമ്പോൾ നാഗദേവത പരകായ പ്രവേശം ചെയ്ത തിറയാട്ടക്കാരൻ അതായത് നാഗ കാളി എന്ന നാഗദേവത അതിശക്തമായി കറങ്ങിക്കൊണ്ട് അംഗോപാംഗ വിക്ഷേപങ്ങളുയർത്തുകയും ചടുലമായ താളത്തോടെ ചുവടുകൾ ശക്തിയായി വയ്ക്കുമ്പോഴുമൊക്കെ അതിനനുസൃതമായ് എന്റെ ശരീരവും അനങ്ങുമ്പോൾ ഞാൻ പിടിച്ചിരിക്കുന്ന എന്റെ വലത് കൈ പലപ്പോഴും കൈപ്പലകയിൽ നിന്നും പറിഞ്ഞു പോകുന്ന പോലെയുള്ള വേദനകൾ അനുഭവപ്പെടുമ്പോഴും എന്റെ കൈ പിടിച്ചിരിക്കുന്നത് നാഗദേവതയാണെന്നൊരു ആശ്വാസം മാത്രമാണുള്ളത്….


ഞാൻ തിറക്കാവിൽ ഇറങ്ങുവാൻ തുടങ്ങിയിട്ടിപ്പോൾ രണ്ട് വർഷം കഴിഞ്ഞിത് മൂന്നാമത്തെ വർഷമാണ്. പോയ രണ്ട് വർഷങ്ങളിലും എന്റെ ദേശത്തെ തിറക്കാവുകളിൽ മാത്രമാണ് ഞാൻ പോയിരുന്നതെങ്കിൽ ഇത്തവണ ദേശത്തിനു പുറത്തുള്ള കാവിലും ആദ്യമായി ഞാനിറങ്ങിയിരിക്കുന്നു. എന്റെ ദേശത്ത് നിന്നും എഴെട്ട് കിലോമീറ്റർ ദൂരമുള്ള മുതുവന എന്ന തീയ്യ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കാവിൽ…


വെള്ളാട്ടങ്ങൾ രാവിലെ പത്തു പതിനൊന്നു മണിയോടെ തുടങ്ങുന്നയീ കാവിൽ വെള്ളാട്ടവും തിറയും മറ്റ് കാവുകളിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. അതിനാൽ തന്നെ ഇടതടവില്ലാതെ നടന്ന വെള്ളാട്ടങ്ങൾക്കും തുടർന്നുള്ള തിറകൾക്കും ഇലത്താളം മുട്ടി ഞാനാകെ തളർന്നു പോയിരുന്നു. കൈകളിലും ശരീരത്തിലും പലയിടത്തും നുറുങ്ങുന്ന വേദന. ഒരു പക്ഷേ ഇത് പോലെ ഇടതടവില്ലാതെ ഇലത്താളം മുട്ടുന്ന ആദ്യത്തെ അനുഭവമായത് കൊണ്ടാവാം…


ഈ തിറയുടെ ചമയങ്ങൾ കഴിഞ്ഞപ്പോൾ നേരത്തെ ഇറങ്ങുന്ന ചെണ്ടക്കാർക്കൊപ്പം ഇലത്താളവും എടുത്തിറങ്ങാൻ നേരത്താണ് കൂട്ടത്തിലെ കാരണവർ പറഞ്ഞത് നാഗ കാളിയുടെ കൈ പിടിയ്ക്കുവാൻ. ദേശത്തെ എന്റെയൊരു കാവിൽ വച്ച് 

ഇതിന് മുമ്പൊക്കെ ഞാൻ പിടിച്ചു കൊടുത്തിട്ടുണ്ട്…


കാവിലെ ദേവതകളുടെ തറകളും ശ്രീകോവിലുകളും വലം വച്ചതിനു ശേഷമീ മൈതാന മധ്യേ തിറയാട്ടം തുടങ്ങിയിട്ടേറെ സമയമായിരിക്കുന്നു. കുറേ നേരത്തെ ആട്ടത്തിനു ശേഷം ഒരു മരത്തിന്റെ ഉരല് കൊണ്ടു വയ്ക്കപ്പെട്ടു. ഇനി നാഗദേവതയുടെ ചുവടുകൾ ആ ഉരലിനു മുകളിൽ നിന്ന് കൊണ്ടാണ്. അതിന് താഴെ നിന്ന് കൊണ്ട് കൈകൾ പിടിച്ചു കൊണ്ട് ഞാനും മറ്റൊരാളും. കൈ ഉയർത്തി പിടിച്ചിരിക്കുന്നതിനാൽ മേളങ്ങൾ മുറുകുമ്പോൾ നാഗദേവത ശക്തമായി കൈകൾ വീശുകയും ചുഴറ്റുകയും ചെയ്യുമ്പോൾ എന്റെ കൈക്ക് അനുഭവപ്പെടുന്ന വേദന പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്. എന്നിരുന്നാൽ പോലും കൈ വിടുവാനോ ഒന്നും പാടില്ല അങ്ങനെ സംഭവിച്ചാൽ അത് തിറയാട്ടത്തെ മോശമായി ബാധിക്കുവാനും തിറ കാണുന്ന ആബാലവൃദ്ധങ്ങൾക്കിടയിൽ ചീത്തപ്പേരുണ്ടാവാനും സാധ്യതയേറെ. ഞാൻ കാരണമതൊരിക്കലും നടക്കുവാൻ പാടില്ല…


ഉരലിലെ പ്രകടനങ്ങൾ കഴിഞ്ഞു അതിൽ നിന്നുമിറങ്ങിയ നാഗദേവതയുടെ കൈകളിലൊന്ന് പിടിച്ച ഞാനും മറു കൈ പിടിച്ചയാളും കൂടി ഞങ്ങളുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് മുറുകുന്ന ചെണ്ടത്താളങ്ങൾക്കൊപ്പം വട്ടത്തിൽ മൂന്ന് തവണ വീതം വലത്തോട്ടും ഇടത്തോട്ടും കറങ്ങി. അതിന് ശേഷം നാഗദേവത ഞങ്ങളുടെ കൈകൾ വിട്ടു ആവേശത്തോടെ ഘോരമായ ചുവടുകൾ വയ്ക്കുവാൻ തുടങ്ങി….


മുറുകിയ ചെണ്ടമേളങ്ങൾ പതിഞ്ഞു പതിഞ്ഞു പതിയെ നിലച്ചു. ശബ്ദകോലാഹലങ്ങൾ നിലച്ച അന്തരീക്ഷത്തിൽ നാഗ കളിയുടെ തലയ്ക്കു മീതെ അഞ്ചാറ് മീറ്റർ ഉയരമുള്ള മുള കൊണ്ട് തയ്യാറാക്കി അതിനെ വർണ്ണത്തുണികളാൽ മറച്ച തിരുമുടിയേറ്റുവാനാരംഭിച്ചു. നിമിഷങ്ങൾക്കകമത് പൂർത്തിയായപ്പോൾ നാഗ കാളി ഭാരമുള്ള തിരുമുടിയും ധരിച്ചു ആടുവാൻ തുടങ്ങി. നാഗമായി മാറിയ തിറയാട്ടക്കാരൻ കമിഴ്ന്നും മലർന്നും തന്റെ കളികൾ തുടർന്നു. അല്പനേരങ്ങൾക്ക് ശേഷം നാഗ കാളിയുടെ മുമ്പിലേക്ക് രണ്ട് നാടൻ മുട്ടകൾ നീക്കി വയ്ക്കപ്പെട്ടു. കമിഴ്ന്നു കിടന്ന നാഗം മുട്ടകൾ ഓരോന്നായ് വായിലാക്കി. മുട്ടകൾക്കൊന്നും സംഭവിയ്ക്കാതെ ഓരോന്നായി മുന്നിൽ വച്ച തളികയിലേക്ക് തുപ്പിയ നാഗം പിന്നെയും ചെണ്ട മേളം മുറുകിയപ്പോൾ വീണ്ടും മുട്ടകൾ ഓരോന്നായി വായിലാക്കി അത് പൊട്ടിച്ചു കുടിച്ചു കൊണ്ട് തുപ്പി. തുടർന്ന് തിരുമുടി അഴിച്ചു വയ്ക്കപ്പെട്ടപ്പോൾ നാഗ കാളി കുറച്ചപ്പുറം മാറി താഴെ ഒരിടത്തുള്ള നാഗപ്രതിഷ്ഠയ്ക്ക് മുന്നിലേക്ക് നീങ്ങി. കൂടെ ചെണ്ടക്കാർക്കൊപ്പം എനിയ്ക്ക് കൈ മാറിയ ഇലത്താളങ്ങൾ മുഴക്കിക്കൊണ്ട് ഞാനും….


പ്രതിഷ്ഠയ്ക്ക് മുന്നിലെത്തിയ നാഗ ദേവത തനിയ്ക്ക് കൈ മാറിയ ഒരു നാടൻ കോഴിയേയും കൊണ്ട് മുറുകുന്ന ചെണ്ട വാദ്യങ്ങൾക്കൊപ്പം ആടുവാൻ തുടങ്ങി…


ഭദ്രകാളി യാമത്തിന്റെ നിഗൂഡതയിൽ തിറയുടെ അവസാനഘട്ടത്തിൽ നാടൻ കോഴിയുടെ കഴുത്തിൽ കടിച്ചു പിടിച്ചു കൊണ്ടാടുന്ന നാഗ കാളി... ചെണ്ട മേളങ്ങൾക്കൊപ്പം ഇലത്താളം ആഴത്തിൽ കൊട്ടിക്കൊണ്ട് ഭീതിയോടെ വീക്ഷിക്കുന്ന ഞാനും... കൊട്ടിന്റെ അവസാനം കോഴിക്കഴുത്ത് കടിച്ചു മുറിച്ചു വേർപ്പെടുത്തി കോഴി പിടയുമ്പോൾ എന്റെ കണ്ണുകളിൽ നിറഞ്ഞത് കോഴിക്കഴുത്ത് കടിച്ചു പിടിച്ചു ആടുന്ന തിറയാട്ടക്കാരനായിരുന്നില്ല. ഘോരരൂപിണിയായ നാഗ കാളി ആയിരുന്നു.. മനസ്സിൽ അകാരണമായി നിറഞ്ഞ ഭീതിയോടെയാ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോഴും എന്റെ കൈകൾ ഇലത്താളം മുഴക്കിക്കൊണ്ടിരുന്നു....


തുടർന്ന് നാഗ കാളി പരകായപ്രവേശം ചെയ്ത തിറയാട്ടക്കാരൻ ഭക്തരോട് വെളിച്ചപ്പെട്ടു കൊണ്ട് അനുഗ്രഹങ്ങൾ ചൊരിഞ്ഞു കഴിഞ്ഞപ്പോൾ തിറയും സമാപിച്ചു. അവിടെ നിന്നും ചമയപ്പുരയിലേക്ക് നീങ്ങിയ ചെണ്ടക്കാരുടെ കൂടെ വിയർത്തു കുളിച്ച ദേഹവുമായി ഇലത്താളങ്ങൾ എടുത്ത് കൊണ്ട് ഞാനും നീങ്ങിത്തുടങ്ങി അടുത്ത തിറയ്ക്കുള്ള ഒരുക്കങ്ങൾക്കായ്…


✍️ ഡാനി 


@highlight 


#thira #thirayattam #nagakaali #shaktheyam #keralaheritage



Comments

  1. 👌👌👌 Great experience 👏Well presented 👌👌Expecting more...

    ReplyDelete

Post a Comment